All Kerala River Protection Council (AKRPC)

Activities

Home / Activities

Activities

ശുദ്ധവായു ശുദ്ധജലം നല്ല മണ്ണ്‍ നല്ല ആഹാരം ഇവ ഏതൊരാളുടേയും അവകാശമാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണ്. ഇവര്‍ ദയ അര്‍ഹിക്കുന്നില്ല. ഈ ആശയം മുന്‍നിര്‍ത്തിയാണ് കേരള നദീ സംരക്ഷണ സമിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ച്ചയായ സമര മുഖങ്ങളിലേക്കും ഇറങ്ങിത്തിരിക്കുന്നത്. നീതിപീഠങ്ങള്‍ സത്യം തിരിച്ചറിഞ്ഞ് നമുക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ടെങ്കിലും അതു നടപ്പാക്കേണ്ടവര്‍ ഭൂമിയുടെ ഒറ്റുകാരും കശാപ്പുകാരുമായി മാറുന്നതാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വെല്ലു വിളിയും കേരള നദീ സംരക്ഷണ സമിതി ഏറ്റെടുക്കുന്നു.ഇനി പ്രവര്‍ത്തനങ്ങളെക്കുറിച്ച് –

 • വയല്‍/ തണ്ണീര്‍ത്തടം/ കായല്‍/ തടാകം/ കിണര്‍ എന്നിവ നികത്തുന്നതിനെതിരെ സന്ധിയില്ലാസമരവും ബോധവല്‍ക്കരണവും. നദികളുടേയും മറ്റു ജലാശയങ്ങളുടേയും സംരക്ഷണം.
 • നദീകയ്യേറ്റത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് അധികൃതര്‍ മുഖം തിരിച്ചുനിന്ന കൈയേറ്റങ്ങള്‍ തടയാന്‍ ബഹു. കോടതിവിധികള്‍ സഹായകമായി . പെരിയാറില്‍ നദീതീരം കൈയേറി പണികഴിപ്പിച്ച ബഹുനില ഹോട്ടല്‍ - മഴവില്‍ റെസ്റ്റോറന്‍റ് - സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചു മാറ്റി.
 • കണ്ടല്‍ക്കാട് നശിപ്പിക്കുന്നതിനെതിരെ സമര പ്രഖ്യാപനം. എറണാകുളം ജില്ലയിലെ മരട്, മുണ്ടം വേലി. എന്നിവിടങ്ങളിലെ കണ്ടല്‍ക്കാട് നശിപ്പിക്കുന്നതിനെതിരെ സമരം തുടരുന്നു.
 • പശ്ചിമഘട്ടത്തെ കാര്‍ന്നു തിന്നുന്നവര്‍ക്കെതിരെ കൂട്ടായ്മ. പശ്ചിമഘട്ട രക്ഷക്കായി വിവിധ പരിസ്ഥിതി സംഘടനകളുമായി ചേര്‍ന്ന് ശക്തമായ സമരം തുടങ്ങുകയും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നട്ടെലില്ലാത്ത നയങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്തു. സെക്രട്ടറിയേറ്റ് ഉപരോധം.
 • പാറമടകള്‍ക്കെതിരെ സമര പ്രഖ്യാപനം. നമ്മുടെ മണ്ണിനും ജലത്തിനും ഭീഷണിയായി വരുന്ന പാറമട മാഫിയക്കെതിരെ ശക്തമായ ബോധവല്‍ക്കരണം. കോടതി വിധിയെ തുടര്‍ന്ന്‍ നിരവധി അനധികൃത പാറമടകള്‍ നിര്‍ത്തലാക്കാന്‍ കഴിഞ്ഞു.
 • വൃക്ഷഹത്യയ്ക്കും വനം നശീകരണത്തിനുമെതിരെ സന്ധിയില്ലാ സമരം. വനം കൈയേറ്റത്തിനും വഴിവക്കിലെ വൃക്ഷങ്ങള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ വെട്ടിനശിപ്പിക്കുന്നതിനുമെതിരെ നിരവധി സമരങ്ങള്‍ നടത്തി. 2005 ല്‍ ഇതിനെതിരെ കേരള നദീ സംരക്ഷണ സമിതി പ്രവര്‍ത്തകനായ ബി.ബിനു കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി.

 

 • മണല്‍ വാരലിനെതിരെ തുടര്‍ സമരങ്ങള്‍ സംഘടിപ്പിച്ചെങ്കിലും സര്‍ക്കാര്‍ മണല്‍ ലോബിക്ക് ഒത്താശകള്‍ ചെയ്തു. ഇതിനെതിരെ ബഹു. ഹൈക്കോടതി ശക്തമായ വിധി പുറപ്പെടുവിക്കുകയും പെരിയാര്‍ ഉള്‍പ്പെടെയുള്ള നിരവധി നദികളെ ഒരു പരിധി വരെ സംരക്ഷിക്കാനും കഴിഞ്ഞു.
 • ജലമലിനീകരണത്തിനും ശ്വാസകോശരോഗങ്ങള്‍ക്കും കാരണമാകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ സമരം ശക്തമാക്കി . പ്ലൈവുഡ് മാഫിയക്കെതിരെ ഇപ്പോഴും സമരം തുടരുന്നു.
 • കുന്നുകളും മലകളും ഇടിച്ചു നിരത്തുന്നതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനും ജലാസുരക്ഷയ്ക്ക് അവരെ പ്രാപ്തരാക്കാനും ശ്രമങ്ങള്‍ നടത്തി. വിവിധ ജില്ലകളിലെ മണ്ണു ലോബിക്കെതിരെ കോടതി വിധികള്‍ നേടാന്‍ കഴിഞ്ഞതു എടുത്തുപറയത്തക്ക നേട്ടമാണ്.
 • പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പ്രകൃതിവിരുദ്ധ വസ്തുക്കളുടെ ഉപയോഗം തടയാനുള്ള പ്രവര്‍ത്തനം/പ്ലാസ്റ്റിക്കിനെതിരെ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണം. എറണാകുളം ജില്ലയിലെ നിരവധി സ്കൂളുകളില്‍ ബോധവല്‍ക്കരണം മൂലം കുട്ടികള്‍ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. 
 • കായല്‍ കൈയേറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു. മരട്,വേമ്പനാട്ടു കായല്‍,മെത്രാന്‍ കായല്‍,ആറന്മുള എന്നിവിടങ്ങളില്‍ സര്‍ക്കാരിന്‍റെ കപടമുഖം തുറന്നു കാട്ടി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞു.
 • പൊതുസമൂഹവുമായി ബന്ധപ്പെട്ട, വിവിധ മേഖലയില്‍പ്പെട്ട വ്യക്തികളുമായി ചേര്‍ന്ന് ആശയ സംവാദം നടത്തുകയും പ്രകൃതിയുടെ രക്ഷക്ക് അഭിപ്രായ ഏകീകരണം നടത്തി പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നു.
 • കാവുകളുടെ സംരക്ഷണത്തിനായി പ്രാദേശിക സമിതികളുമായി സഹകരിച്ച് പ്രവര്‍ത്തനം.
 • ഊര്‍ജ സംരക്ഷണത്തിന് കുടുംബശ്രീ യൂണിറ്റുകള്‍, വിദ്യാലയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് എനര്‍ജി മാനേജുമെന്‍റ് സെന്‍ററുമായി സഹകരിച്ച് പ്രവര്‍ത്തനം തുടരുന്നു.

 

Click Here for Publication JALATHARANGAM